ന്യൂഡൽഹി: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയിൽ ഫയൽ ചെയ്തതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും. ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ തീർപ്പാകാതെയുള്ള ഹർജികൾ പരിഗണനയ്ക്കു വരാതിരുന്നതിനെത്തുടർന്ന് വിഷയം സ്റ്റാൻഡിംഗ് കോണ്‍സൽ സി.കെ. ശശി പരാമർശിച്ചതിനെത്തുടർന്നാണു കോടതി നടപടി.
ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ വെബ്സൈറ്റ് പ്രകാരം ഈ മാസം 17ന് കേസ് പരിഗണിച്ചേക്കും. കഴിഞ്ഞ മാസം 16ന് ആദ്യം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അന്ന് ഹർജി പരിഗണിച്ചിരുന്നില്ല.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ആനുകൂല്യം മറ്റു മാനേജ്മെന്റുകൾക്കും നൽകണമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം 13നു ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ഭിന്നശേഷി സംവരണ തസ്തികകൾ ഒഴിച്ചിട്ടശേഷം മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് എൻഎസ്എസ് മാനേജ്മെന്റിന്റെ ഹർജിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബാക്കി മാനേജ്മെന്റുകളിൽ ഈ തീരുമാനം നടപ്പാക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് കോടതിയെ ധരിപ്പിക്കാനായിരിക്കും സംസ്ഥാനത്തിന്റെ ശ്രമം.